Sunday, April 23, 2017

ആ കുരിശു പൊളിച്ചാൽ ഞങ്ങൾക്കെന്താ

കുരിശു പൊളിച്ചത് ''ധനവികാരത്തെ'' വൃണപ്പെടുത്തും. എന്റെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും യേശുവിനു കുരിശായി. 
ത്യാഗത്തിന്റേയും വേദനയുടേയും പ്രതീകമായിരുന്നു യേശുവിന്റെ കുരിശ്. ആത്മീയ രക്ഷക്കുള്ള പ്രതീകമായിരുന്നു ഇത്. ഇന്നത് ധനരക്ഷക്കും സാമൂഹിക തേർവാഴ്ച്ചക്കും അധികാര സംരക്ഷണത്തിനും സ്ത്രീ--ബാല ചൂഷണത്തിനും ബലഹീനരായ അന്ധവിശ്വാസികളെ ചൂഷണം ചെയ്യുന്നതിനുമുള്ള പ്രധാന ഉപകരണമാണ്. മൂന്നാറിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ നാട്ടിയ കുരിശും ഇതിനുള്ള രക്ഷാകവചംതന്നെയെന്നതിൽ തർക്കമില്ല. കത്തേലിക്കാ സഭയുടെയും യാക്കോബായ സഭയുടെയും ധനസംരക്ഷകരായിട്ടുള്ള ബഹുമാന്യർ പറയുന്നു ,സർക്കാർ ഭൂമി കൈയ്യേറി കുരിശു സ്ഥാപിച്ചാൽ ഞങ്ങൾ അനുകൂലിക്കില്ലെന്നും അതിനെ എതിർക്കുമെന്നും. ആഹ... അതിനു കാരണവുമുണ്ട്. ഈ സ്പിരിറ്റിൻ ജീസസ്സുകാർ ഞങ്ങളുടെ കൂടേന്ന് സ്പിരിറ്റു കൂടി പോയവരാണ്. മുൻപും ഇപ്പോഴും ഞങ്ങൾ ഭൂമികൈയ്യറാനായി ആദ്യം കരിശുനാട്ടുകയാണ് പതിവ്. അങ്ങനെ ഞങ്ങളുടെ കുരിശുനാട്ടിയ ദശലക്ഷക്കണക്കിനു വിലമതിക്കുന്ന കുരിശുമലകളും റോഡു പുറമ്പോക്കുകളും ചില സർക്കാർ നിരപ്പു സ്ഥലങ്ങളും പതിച്ചുകിട്ടിയും കിട്ടാതെയും ഇപ്പോഴും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത സ്ഥാനമുള്ള യാക്കോബായക്കാരും അവരുടെ കുരിശു നാട്ടി സ്ഥലങ്ങൾ പിടിച്ചടക്കി വച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടല്ലെ സ്പിരിറ്റുകാരും വളരുന്നത്. അവരുടെ കുരിശും നാട്ടാൻ  സമ്മതിച്ചാൽ ഈ കുരിശുമായി അവരും അങ്ങുവളരും. അത് ഞങ്ങളുടെ മേലുള്ള ഒരു കൈയ്യേറ്റമാകില്ലേ. അതുകൊണ്ടാണ് ആ കുരിശു പൊക്കണമെന്ന് ഞങ്ങളുടെ അഭിവന്ദ്യ മേലദ്ധ്യക്ഷൻമാർ പറയുന്നത്. ഇപ്പോൾതന്നെ പെന്തക്കോസ്തുകാരുടെ ശല്യം സഹിക്കാൻ പറ്റാതായിട്ടുണ്ട്. ഇതിനിടയിൽ ചില ആത്മായ സംഘടനകളും കത്തോലിക്കാസഭയുടെ കൊള്ളക്കെതിരെ രംഗത്തുവരുന്നതും കുരിശായിട്ടുണ്ട്. സ്പിരിറ്റുകാർ ചെറുതായതുകൊണ്ട് അവരുടെ കുരിശിന്റെ വിലയും കുറയും . സി.പി. ഐ. മന്ത്രിയും സർക്കാരുമൊക്കെ വലിയ കൈയ്യേറ്റമൊഴിപ്പിക്കലുകാരാണെങ്കിൽ ഞങ്ങൾ കൈയ്യേറി കുരിശുനാട്ടിയ നൂറുകണക്കിനു സ്ഥലങ്ങൾ തൊട്ടു കാണിച്ചുതരാം. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ സഭ കൈയ്യേറി സ്ഥാപിച്ച  ഒറ്റ കുരിശെങ്കിലും പറിച്ചുനോക്ക്. അപ്പോൾ കാണാം കളി. അല്ലെങ്കിൽ രണ്ടാം സ്ഥാനക്കാരുടെ കുരിശു പറിച്ചുനോക്ക് ,അപ്പോഴും കാണാം കളി. കുരിശു പോയിട്ട് ഒരു കലാകാരൻ വരച്ച യേശുവിന്റെ അത്താഴ ഫോട്ടോയ്ക്ക് എവിടെയോ സാമ്യമുണ്ടെന്നു പറഞ്ഞ് മനോരമ പത്രത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞത് അടുത്തകാലത്താണ് .പിന്നീടിന്നുവരെ ഞങ്ങളുടെ സഭയുടെ ദുർനടത്തങ്ങൾ ഒരക്ഷരം പോലും എഴുതാൻ പേന പൊങ്ങിയിട്ടില്ലത്രെ ആ മഹാന്മാർക്ക്. മന്ത്രിസഭയുടെ ആയുസും കുറയുമെന്നു സാരം. 

സഭാ നവീകരണപ്രസ്ഥാനക്കാരും ചിലവിരോധികളും ചിലപ്പോൾ പറയും  ഞങ്ങളുടെ കുരിശുകൾക്ക് യേശുവിന്റെ കുരിശുമായി യാതോരു ബന്ധവും അംശവടിവും ഇല്ലെന്നും. ചിലപ്പോൾ രണ്ടാമതും വരുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന ക്രിസ്തുവുമായി യാതോരു ബന്ധവുമില്ലെന്നുമൊക്കെ. നാട്ടിൽ കാണുന്ന കുരിശ് ഞങ്ങളുടെ പണം കായ്ക്കുന്ന മരമാണെന്നും , കച്ചവടവും ധൂർത്തും തോന്ന്യാസവും കാണിക്കാനുള്ള സംരക്ഷണ കവചമാണെന്നുപോലും അവർ പറയും. ഞങ്ങൾ മാമോന്റെ ആൾക്കാരാണെന്നും ദൈവവിശ്വാസമില്ലാത്തവരാണെന്നു പോലും പറയും. സാധാരണ അടിമ വിശ്വാസികൾ ഇതൊക്കെ മനസ്സിലാക്കുന്നതുവരെ ഞങ്ങൾക്കൊരു ചുക്കും ചുണ്ണാമ്പുമില്ല. അവന്റെയും ഇവന്റെയുമൊക്കെ കുരിശെല്ലാം പറിച്ച് ദൂരെയെറിഞ്ഞേക്ക് ,പക്ഷേ ഞങ്ങൾക്കിഷ്ടമുള്ളിടത്ത് ഞങ്ങൾ നാട്ടുന്ന കുരിശ്ശേൽ കൈവയ്ക്കരുത്. ഞങ്ങൾ കൈയ്യേറുന്ന സ്ഥലത്ത് മറ്റു സമുദായത്തിലുള്ളവർ തർക്കത്തിനുവന്നാൽ അല്പം  ഇടം വേണമെങ്കിൽ (രക്ഷയില്ലെങ്കിൽ )വിട്ടുകൊടുക്കും ഞങ്ങൾ കാരുണ്യമുള്ളവരാ. ഏഷ്യയിലെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള മൂന്നാറിനടുത്തുള്ള എഴുകുംവയലിലേപോലുള്ള കൈയ്യേറ്റം തൊടാനാരെങ്കിലുമുണ്ടോ. അവരുടെ കുരിശുപറിച്ചു ദൂരെക്കളയ്, ഞങ്ങളുടെ കുരിശിനെ തൊട്ടുപോകരുത്. സ്പിരിറ്റന്മാർക്കുവന്ന  കുരിശ്... പറിക്കുന്നതും നാട്ടുന്നതും യേശുവിന്റെ വേദനയുടെയും രക്ഷയുടെയും കുരിശല്ലാത്തതുകൊണ്ട് നവീകരണ പ്രസ്ഥാനക്കാർക്കും കുലുക്കമില്ലത്രെ. ഞങ്ങെടെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും ഇപ്പോൾ യേശുവിനു കുരിശായി.  ഇങ്ങനെ പോയാൽ യേശുവിന്റെ രണ്ടാം വരവ് ഉടൻ ഉണ്ടാവില്ലെന്നാണ് സ്വർഗ്ഗീയ കാലാവസ്ഥാ നിരീഷകരുടെ അഭിപ്രായം. 

                                                             .......

Sunday, April 16, 2017

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ്





സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .

 

പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം കേരളത്തിലും നടപ്പിലായി. 
 പെസഹാദിനത്തിലെ കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കൂടി ഉൾപ്പെടുത്തണമെന്ന പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്നതീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു. ആത്മീയ ശുശ്രൂഷയുടേയും ആചാരത്തിന്റേയും  ഭാഗമായി പുരോഹിതൻ  ഒരു സ്ത്രീയുടെ പാദങ്ങൾ കഴുകിയാൽ അധമവികാരങ്ങളുണ്ടാകുമെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പരക്കുന്നതിനും ഇത് ഇടയായി. പുരോഹിതരേയും സ്ത്രീകളേയും സംശയദൃഷ്ടിയോടെ കാണുകയും പള്ളിമുറികളിൽ സി.സി. ടി. വി. ക്യാമറകൾ പിടിപ്പിക്കുന്നതിനുള്ള തീരുമാനവും,സ്ത്രീകൾ പള്ളിമുറിക്കുള്ളിൽ കയറിക്കൂടെന്ന തീരുമാനവും ഇരുപക്ഷത്തേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എലിയെ തോൽപ്പിച്ച് ആരും ഇല്ലം ചുടരുത്.

കുറെയധികം പുരോഹിതരും  കന്യാസ്ത്രീകളും അവരുടെ ചുറ്റുമുള്ള ചില സ്ത്രീകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ജയിൽവാസം അനുഭവിക്കുന്നവരുമുണ്ടെന്നത് സത്യമാണ് . സാത്താൻ സേവനടത്തുന്ന ചിലരും ഇക്കൂട്ടത്തിലുണ്ടെന്നതും ശരിയാണ്. കർത്താവിന്റെ ഈ തിരുസഭയെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും നമുക്കറിയാം . ഇത്തരം പുരോഹിതരേയും സാത്താന്റെ ശക്തിയായ സമ്പത്തിൽ അത്യാർത്തിവയ്ക്കുന്ന പുരോഹിതരേയും സഹായികളേയും ഇടവകകളിൽ നിന്നും ഒറ്റപ്പെടുത്തുവാനും ആട്ടിപ്പായിക്കുവാനും വിശ്വാസ സമൂഹം തയ്യാറാകണം.   ആത്മിയ ചൈതന്യമുള്ളതും ക്രീസ്തുവിനു സാക്ഷ്യം വഹിക്കുന്നവരുമായ എത്രയോ നല്ല പുരോഹിതരും കന്യാസ്ത്രീകളും നമുക്കുണ്ടെന്നുള്ളകാര്യം മറക്കരുത്. അവരും ഈ അപവാദത്തിന് ഇരകളാണ്. നമ്മുടെ അമ്മമാരും പെങ്ങന്മാരും പെൺമക്കളും ഭാര്യമാരും പുരോഹിതനെ വലയിൽ വീഴിച്ച് പിഴപ്പിക്കുവാൻ നടക്കുന്നവരാണെന്നു പറഞ്ഞാൽ അത് അംഗീകരിച്ച് നൽകുവാനാകില്ല. ആഭിവന്ദ്യ മെത്രാന്മാരുടെ ഈ തീരുമാനം , നാളെകളിൽ കുമ്പസാരിക്കുന്നതിനോ പരിശുദ്ധകുർബാന  സ്വീകരിക്കുന്നതിനോ പുരോഹിതന്റെ അടുത്തെത്തുന്ന  പെൺകുട്ടികളേയും  സ്ത്രീകളേയും  പുരോഹിതൻ അധമവികാരത്തോടെ കാണുവാൻ തുടങ്ങിയാൽ കർത്താവിന്റെ സഭയുടെ പരിശുദ്ധി നഷ്ട്‌പ്പെടും

അടുത്തകാലത്തായി കൊലപാതകം, പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പെട്ട  ഫാദർ റോബിന്റേതുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെയെല്ലാം കാരണങ്ങൾ തേടിയെത്തിയാൽ അവസാനം ചെന്നെത്തുന്നത് അവർ വിവാഹിതരല്ലായെന്ന കാരണമാണ്.പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിന് സഭയിൽ നിയമമുണ്ടെങ്കിലും മെത്രാന്മാർക്ക് പുരോഹിതരിലുള്ള സാമ്പത്തിക അവിശ്വാസമാകാം വിവാഹത്തിന് അനുവാദം നൽകാത്തത്. ഇത് ഉടൻ പരിഹരിക്കണം. 
എല്ലാവരേയും വേദനിപ്പിക്കുന്ന മേൽപറഞ്ഞ  തീരുമാനം പിൻവലിക്കണമെന്ന്  ഓപ്പൺ ചർച്ച്മൂവ്‌മെന്റും മറ്റു ചില സാമൂഹിക സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെട്ടുവെങ്കിലും മാർപ്പാപ്പായുടെ തീരുമാനം നടപ്പായില്ല. ദൈവത്തിന്റെ ഭൂമിയിലെ പകരക്കാരനാണ് മാർപ്പാപ്പയെന്നും ദൈവം ഭൂമിയിലുള്ള മനുഷ്യരോട് മാർപ്പാപ്പയിലൂടെയാണ് നേരിട്ടു സംസാരിക്കുന്നതെന്നും, അതുകൊണ്ട് പരിശുദ്ധ മാർപ്പാപ്പക്ക് തെറ്റാവരമാണുള്ളതെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കർത്താവിന്റെ വാക്കുകളാണ് മാർപ്പാപ്പയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് അനുസരിക്കുവാൻ ഓരോക്രൈസ്തവനും കടമയുണ്ട്. 

  ഇത്തരം പലവിധ കാരണങ്ങളുടെ അടിസ്ഥാനത്തിൽ കത്തോലിക്കാ സഭകളുടെ ഏകീകരണവും നവീകരണവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് അപ്പം മുറിക്കൽ ശൂശ്രൂഷയും  നടന്നു. നിരവധി പ്രത്യേകതകളുള്ള  ഈ സംഭവം സഭാചരിത്രത്തിൽ തന്നെ ഇടംനേടി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രത്തിനുമുന്നിൽ അദ്ദേഹത്തിനു പിൻതുണ പ്രഖ്യാപിച്ച് നടത്തപ്പെട്ട വിശുദ്ധ ആഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീ സമൂഹത്തിന്റെ പരിശ്ചേദമാണ് കണ്ടത്. 60-വയസിനു മുകളിലുള്ളവർ, 25-50നുമിടയിലുള്ള അമ്മമാർ, 15-25നുമിടയിലുള്ള യുവതികൾ ,5-10നും ഇടയിലുള്ള കുട്ടികൾ എന്നീ ഗ്രൂപ്പുകളിലുള്ളവരാണ് പങ്കെടുത്തത്. കൂടാതെ  കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചതും ലോകത്ത് ആദ്യമാണ്.പെസഹാ വ്യാഴാഴ്ച്ച (13-4-2017ൽ)കൊച്ചി ഐ.എം . എ. ഓഡിറ്റോറിയത്തിൽ തിരുക്കർമ്മങ്ങൾ നടന്നു. 
ഈ ചരിത്രനിമിക്ഷത്തിലെ പുണ്യ കർമ്മത്തിന് ഫാദർ ഡോ. എബ്രാഹം കൂത്തോട്ടിൽ, ഫാദർ ഷിബു കാളാമ്പറമ്പിൽ, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ക്ലമന്റ്, ഫാദർ ഫ്രാൻസീസ് എന്നിവർ കാർമികത്വം വഹിച്ചു. മുതിർന്ന പുരോഹിതനായ ഫദർ ഡോ. എബ്രാഹം കൂത്തോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് സമുഹത്തിലെ ആത്മീയ ചൈതന്യമുള്ള പുരോഹിതരുടെയും ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തിന്റെയും അഭിമാനമാണ് സംരക്ഷിക്കപ്പെട്ടത്. 

സംഘടനയുടെ ചെയർമാൻ ശ്രീ. റെജി ഞള്ളാനി, ജനറൽ സെക്രട്ടറി ഫാദർ. കെ. പി. ഷിബു, സെക്രട്ടറി ശ്രീ ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ , ജോസഫ് വെളിവിൽ, കെ. കെ. ജോസ് കണ്ടത്തിൽ , ശ്രീ. എം എൽ. അഗസ്തി. അഡ്വ. ജോസ് അരയകുന്നേൽ ,മാത്യു തറക്കുന്നേൽ, സി. വി സെബാസ്റ്റ്യൻ  ഡോ. ജോർജ്ജ് മലയാറ്റ്. ഓ.ഡി. കുര്യാക്കോസ്, തുടങ്ങിയവർ കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോസഫ് പള്ളത്തിന്റെ കാർമികത്വത്തിൽ 4-മണിക്ക്‌നടന്ന അപ്പം മുറിക്കൽ ശൂശ്രൂഷകളോടെ തിരുകർമ്മങ്ങൾ അവസാനിച്ചു. 

ത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ അസുലഭ നിമിക്ഷങ്ങൾ ഒപ്പിയെടുത്ത് സ്വദേശത്തും വിദേശത്തും റിപ്പോർട്ടു ചെയ്യാനെത്തിയ ആദരണിയരായ ദൃശ്യ,ശ്രാവ്യ, പ്രിന്റ് ,ഓൺലൈൻ രംഗത്തെ മാധ്യമപ്രവർത്തകർ നിമിഷങ്ങൾക്കുള്ളിൽ ശുശ്രൂഷകൾ ലോകം മുഴുവൻ എത്തിച്ച് ഈ തിരുകർമ്മങ്ങളെ ധന്യമാക്കി. ആദരണിയരായ മാധ്യമസുഹൃത്തുക്കൾക്ക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നന്ദിയും കടപ്പാടും ഈസ്റ്ററിന്റെ എല്ലാവിധ മംഗളങ്ങളും ഏറ്റം സ്‌നേഹത്തോടെ അറിയിക്കുന്നു.


    ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെആഭിമുഖ്യത്തിൽനടന്ന തിരുകർമ്മങ്ങളുടെ വിജയത്തിനായി ധാരാളം പേരുടെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.


                                        നന്ദി.


റെജി ഞള്ളാനി , ചെയർമാൻ ,9447105070






ഫാദർ ഷിബു കാളാംപറമ്പിൽ ,ജനറൽ സെക്രട്ടറി,
ശ്രീ. കെ. ജോർജ്ജ് ജോസഫ്, സെക്രട്ടറി.
ശ്രീ, കെ. കെ. ജോസ് കണ്ടത്തിൽ. ജോ. സെക്രട്ടറി. ..
     

Saturday, April 8, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ മുഴുവൻ ആളുകളും പങ്കാളികളാകൂ....... ഈ പുണ്യകർമ്മത്തിൽ നമുക്കൊരുമിക്കാം.... നമ്മുടെ അമ്മമാരേയും സഹോദരിമാരേയും അവഗണിക്കാതിരിക്കുക.തുല്യനീതി ഉറപ്പാക്കുക. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് .


 .സഭാ നവീകരണപ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ  പെസഹാവ്യാഴാഴ്ച്ച (13-4-2017) 2 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപമുള്ള ഐ. എം. എ ഹാളിൽ വച്ച് നടത്തപ്പെടുന്ന സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷക്ക് ഫാദർ എബ്രാഹം , ഫാദർ ഷിബു, ഫാദർ ക്ലെമന്റ് സംഘടനാനേതാക്കളായ ശ്രീ. റെജി ഞള്ളാനി ,ശ്രീ. ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ്, അഡ്വ. ജോസ് അരയകുന്നേൽ , കെ കെ. ജോസ് കണ്ടത്തിൽ ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും. കാലുകഴുകലിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും, പ്രസ്തുത സ്ഥലത്ത് എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും.ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും യേശുവിന്റെ നാമത്തിൽ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്. 9447105070. 9496313963. 

                                                                                സെക്രട്ടറി ,
                                                                  ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.

Thursday, April 6, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്പൺചർച്ച്മൂവ്‌മെന്റ്.-( ദയവായി ഇതോന്നു ഷേയർ ചെയ്യുക.) പെസഹാത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കുടി പരിഗണിക്കണമെന്ന

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ  സങ്കടകരവും  സഭാവിശ്വാസികൾക്ക്  അപമാനകരവുമാണെന്ന്  ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം  പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ  അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്. 


സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ  കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും  സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്.  ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ.   കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ.  പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു.  തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്. 


 കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ,  ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം  .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ് 

.കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .
 രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ

 റെജി ഞള്ളാനി. ചെയർമാൻ .9447105070. ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 , കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.