Friday, September 23, 2016

കുഴിമാടത്തിലും ദളിതന് രക്ഷയില്ല.

മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച്ചിട്ടു.

 ഇടുക്കിജില്ലയിൽ കട്ടപ്പനക്കടുത്ത് കാഞ്ചിയാർ പേഴുംങ്കണ്ടത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.  പേഴുംങ്കണ്ടം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയോട് ചേർന്നുകിടക്കുന്ന രണ്ടു സെന്റ് സ്ഥലം ഇമ്മാനുവേൽ ഫെയ്ത്ത് മിനിസ്ട്രീസ് ദൈവസഭക്ക് സ്വന്തമായി ഉണ്ടായിരുന്നു. 25 കുടുംബങ്ങളുള്ള ഈ യൂണിറ്റിൽ ഭൂരിപക്ഷവും  ദളിത് ക്രിസ്ത്യാനികളാണ്. സഭാംഗവും ദളിതനുമായ കോഴിമല പാണത്തോട്ടിൽ തങ്കച്ചന്റെ മൃതദേഹം സഭാചാരപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് ഈ സ്ഥലത്ത് അടക്കുകയായിരുന്നു. നിർദ്ദനനായ തങ്കച്ചന്റെ കുടുംബത്തിന് സ്വന്തമായി 3 സെന്റ് ഭൂമി മാത്രമാണുള്ളത്. തങ്കച്ചനെ അടക്കിയ കുഴിക്ക് ആഴം പോരെന്നും ഇവിടം ജനവാസ കേന്ദ്രമാണെന്നും സെമിത്തേരിക്ക് ലൈസൻസില്ലന്നെുമൊക്കെയുള്ള കാരണങ്ങൾ നിരത്തി ഒരുകൂട്ടം ആളുകൾ രംഗത്തുവരികയും ഭരണകൂടത്തിന്റെ കൂടി ഒത്താശയോടെ വൻ പോലീസ് സന്നാഹത്തിൽ തങ്കച്ചന്റെ മൃതദേഹം മാന്തിയെടുത്ത് കിലോമീറ്ററുകൾ ദൂരെയുള്ള കട്ടപ്പന പഞ്ചായത്തുവക ശ്മശാനത്തിൽ കുഴിച്ചുമൂടുകയും ചെയ്തു. തങ്കച്ചന്റെ കുടുംബവും മറ്റു സഭാംഗങ്ങളും ഹൃദയം പൊട്ടി നിസ്സഹായരായി ഭയന്നു വിറച്ച് ഇതെല്ലാം നോക്കിനിൽക്കേണ്ടിവന്നു.
ഇവിടെ ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്. തങ്കച്ചനെ അടക്കിയതിന്റെ ഏതാനും അടി മാറി ഇടുക്കി രൂപതയിൽപെട്ട പേഴുംങ്കണ്ടം സെൻ്‌റ് ജോസഫ്  കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ ദളിതരല്ലാത്ത വിശ്വാസികളെ അടക്കുന്നുണ്ട്. ഈ സെമിത്തേരിക്ക് ലൈസൻസ് ഉണ്ടോയെന്നും  തട്ടുപാറക്ക് മേൽഭാഗത്ത് കുന്നിൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടെ അടക്കുന്ന മൃതശരിരങ്ങളുടെ അവിഷിപ്തങ്ങൾ തട്ടുപാറക്കു മുകളിലൂടെ ഒഴുകിയിറങ്ങി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ എത്തുന്നുണ്ടോയെന്നും ആരും പരിശോധിക്കാത്തതും പരിസരവാസികൾക്ക് പരാതിയില്ലാത്തതും എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ.

  അടക്കപ്പെട്ട ഒരു മൃതശരീരം പുറത്തെടുക്കുന്നതിനാവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ തങ്കച്ചന്റെ കേസ്സിൽ പാലിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്. അടക്കിയ കുഴിക്ക് എട്ടടിയോളം താഴ്ചയുണ്ടെന്ന് സഭ പറയുമ്പോൾ ആഴം കുറവാണെങ്കിൽ ആഴം കൂട്ടിമറവുചെയ്യുന്നതിനു പകരം ബോഡിയെടുത്ത് വിദൂരതയിൽ കൊണ്ടുപോയത് എന്തിന്. കത്തോലിക്കാ പള്ളികളുടെ കല്ലറകളുടെ ആഴം ഇതിൽ കൂടുതലില്ലാത്തത് എന്തുകൊണ്ടാണ്. കട്ടപ്പന സി.എസ്സ്. ഐ പള്ളിയുടെ സെമിത്തേരി ടൗണിനു നടുവിലാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാപള്ളിയുടെ സെമിത്തേരി ജനവാസകേന്ദ്രത്തിനിടയിലാണ്. തൊടുപുഴ ന്യൂമാൻ കോളേജിനുള്ളിലെ പുതിയ പള്ളിയും സെമിത്തേരിയും കാണുക. എന്തിന് ,കേരളത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ സഞ്ചരിച്ചാൽ പ്രമുഖമായ ക്രിസ്തീയ സഭകളുടെ സെമിത്തേരികൾക്ക്  ഭൂരിഭാഗവുംആവശ്യമായ അംഗീകാരങ്ങൾ ഇല്ലെന്നും  ജനവാസകേന്ദ്രത്തിന് നടുവിലോ സമീവത്തോ ആണെന്നുംകാണാം .എന്തുകൊണ്ടാണ് ഭരണകൂടം ഇവയുടെ മേൽ നടപടികൾ സ്വികരിക്കാത്തത് .

ഇവിടെ ഒരേകാര്യത്തിന് രണ്ടുനീതിയല്ലേ ദളിതനും പാവപ്പെട്ടവനും . .ഇന്ത്യ സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദളിതരോടുള്ള നമ്മുടെ അയിത്തം അവസാനിക്കാത്തത് എന്തുകൊണ്ടാണ്. കാലം ചെല്ലും തോറും അവരോടുള്ള കിരാതമായ കടന്നുകയറ്റം കൂടികൂടിവരികയല്ലേ. ദളിതർക്കും പാവപ്പെട്ടവർക്കുമായി സുന്ദരമായ നിയമങ്ങൾ ഭരണഘടനയിലും നാട്ടിലും ഉണ്ട്. പക്ഷേ ഇതെല്ലാം മേലാളന്മാർക്ക് ഓശാനപാടിനിൽക്കുന്നു. തങ്കച്ചന്റെ മൃതശരിരത്തോടും കുടുംബത്തോടും  കാട്ടിയത് കാട്ടുനീതിയല്ലേ, മനുഷ്യാവകാശ ലംഘനമല്ലേ .എന്തുകൊണ്ടാണ് ദളിത് പീഡനത്തിന്റെ പേരിൽ ബന്ധപ്പെട്ടവകുപ്പുകളും സർക്കാരും നിയമാനുസ്രുത നടപടി സ്വീകരിക്കാത്തത്. കത്തോലിക്കരുടെ  മൃതശരീരങ്ങൾക്ക് ഏഴരുകിൽ പോലും  ദളിതരുടെ മൃതശരിരങ്ങൾ കിടക്കരുതെന്ന് ആഗ്രഹിക്കുന്നതിന്റെ പിന്നിലെന്താണ്.മരണത്തിലും അയിത്തം നിലനിൽക്കുമോ.  


 കത്തോലിക്കാ സെമിത്തേരിയോടു ചേർന്നു കിടക്കുന്ന മേൽപറഞ്ഞ സ്ഥലം ഇടവക്കാരനായ പ്ലാത്തോട്ടത്തിൽ ജെയിംസിന്റെ കൈയ്യിൽ നിന്നും വളരെ ചെറിയ വിലക്ക് തട്ടിയെടുക്കുവാൻ അച്ചൻ ശ്രമിച്ചിരുന്നു വെന്നും ന്യായവില കിട്ടിയാൽ ഈ സ്ഥലംകൂടി പള്ളിക്കു നൽകുവാൻ ജെയിംസ് ഒരുക്കമായിരുന്നു എന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈസ്ഥലം കൂടിവാങ്ങി കത്തോലിക്കാ പള്ളിസെമിത്തേരിയുടെ വിസ്ത്രിതി കൂട്ടുകയും ഇവിടെത്തന്നെ മൃതശരിരങ്ങൾ അടക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ പ്രതിക്ഷേധക്കാർ കാണുമായിരുന്നുവോ.

ഇവിടെയാണ് ഇരട്ട നീതി നടപ്പാകുന്നത്. ഈ വിഷയത്തിൽ സാമൂഹിക, രാഷ്ട്രീയ, മത, സംഘടനാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ദളിത് സംഘടനകളും പന്തക്കോസ്തു വിഭാഗങ്ങളും മൗനം പാലിക്കുന്നത് ദുഖകരമാണ്.ഓപ്പൺ ചർച്ച് മൂവ്‌മെന്റെന്ന ഒരു സംഘടന മാത്രമാണ്   പ്രതിക്ഷേധിച്ചുകണ്ടത്.  ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും നീതിലഭിക്കണം. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് രാജ്യത്തെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ നിയമത്തിനുവിധേയമായ വിധത്തിൽ സമാധാനപരമായ രീതിയിൽ സമരങ്ങളും പ്രതിക്ഷേധങ്ങളും ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പവിത്രമായ നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും ഇത്  ആവശ്യമാണ്. തങ്കച്ചന്റെ കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. ഗൂഡാലോചന പുറത്തുകൊണ്ടുവരണം. ഓരോ പൗരനും സാമൂഹിക നീതിയും സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുവാൻ സർക്കാരിനു കടമയുണ്ട്.




                                                        റെജി ഞള്ളാനി
                                                     സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
                                                   കെ. സി. ആർ എം
                                                   
                                                   

Wednesday, September 7, 2016

DR. ABRAHAM







കാത്തലിക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന് തുടക്കമായി

കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ 

ആഭിമുഖ്യത്തിൽ കാത്തലിക്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്  തുടക്കമായി          
  

  കത്തോലിക്കാസഭയിൽ നിന്നും വ്യത്യസ്ഥകാരണങ്ങളാൽ പുറത്തുവന്നിട്ടുള്ളവരുടെയും, ക്രിസ്തു ദർശനങ്ങളിൽ വിശ്വസിക്കുന്നവരുടെയും ആത്മിയശുശ്രൂഷയും  ഭൗതിക ഉന്നമനവും ലക്ഷ്യമാക്കി  പ്രവർത്തിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യ ഉദ്ദേശ്യം.

 ക്രിസ്തു ദർശനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ ആചാരാനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്ന വ്യക്തികളേയും യൂണിറ്റുകളേയും അതിർവരമ്പുകളും, വേർതിരിവുകളും ഇല്ലാതെ യേശുവിൽ ഒരുമിപ്പിക്കുന്നതിനുള്ള പാലമായി പ്രവർത്തിക്കുവാൻ സംഘടന ലക്ഷ്യമിടുന്നു.വ്യക്തികൾക്കു പുറമെ സ്വതന്ത്രമായി നിൽക്കുന്ന ഗ്രൂപ്പുകൾക്കും സംഘടനയിൽ അംഗങ്ങളാകാം. അംഗങ്ങൾക്കും യൂണിറ്റുകൾക്കും അവരുടെ നിലവിലുള്ള വിശ്വാസ ജീവിതത്തിൽ മുന്നോട്ടു പോകുന്നതിന് പുർണ്ണമായ അവകാശം ഉണ്ടായിരിക്കും . ഫെഡറൽ സംവിധാനത്തിലുള്ള സംഘടനയിലെ വ്യക്തികൾക്കും, ലയിക്കുന്ന യൂണിറ്റുകൾക്കും നേരിട്ടുള്ള അംഗത്വവും മറ്റു യൂണിറ്റുകൾക്ക് അഫിലിയേഷനുമായിരിക്കും നൽകുക. ഇത്തരം യൂണിറ്റുകളുടെ സ്വത്തുക്കൾ അവരുടേതു മാത്രമായിരിക്കും. എന്നാൽ അവർ അനുവദിക്കുന്ന കാലത്തോളം അവരുടെ സംവിധാനങ്ങൾ സംഘടനക്ക് ഉപയോഗിക്കാവുന്നതാണ്.  കത്തോലിക്കാ സഭയുൾപ്പെടെയുള്ള ഏതു സഭയിലേയും  വിശാല മനസ്‌കർക്ക് സംഘടനയുമായി സഹകരിക്കാവുന്നതാണ്.

ഈ സംഘടനയിൽ കാർമികരും വിശ്വാസികളും ഭരണാധികാരികളും,എല്ലാവരും യേശുവിൽ സമൻമാരാണെന്നതിനാൽ അംഗങ്ങളിൽ ഏതൊരാൾക്കും ആഗ്രഹിക്കുന്ന പക്ഷം ഏതു സ്ഥാനങ്ങളും അലങ്കരിക്കാവുന്നതാണ്. അംഗങ്ങൾ പരസ്പരം ബഹുമാനിക്കുന്നതുപോലെ മറ്റു മതവിഭാഗങ്ങളിൽ പെട്ടവരെയും  ക്രീസ്തീയ സഭകളിലെ മേലദ്ധ്യക്ഷൻമാരെയും വിശ്വാസികളെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും അവരെ ആദരവോടെ കണുകയും ചെയ്യണം. അവരുടെയെല്ലാം പ്രത്യേകിച്ച് കത്തോലിക്കാസഭാ മേലദ്ധ്യക്ഷന്മാരിൽ നിന്നും പരമാവധി സഹകരണവും പ്രാർത്ഥനയും  സ്വികരിക്കാവുന്നതുമാണ്. പരിശുദ്ധഫ്രാൻസീസ് മാർപ്പാപ്പയുടെ  മാർഗ്ഗദർശനങ്ങൾ സംഘടനക്ക് വെളിച്ചമാണ്.  

ക്രിസ്തീയ സഭകളുടെ എൈക്യത്തിനും ഏകീകരണത്തിനുമായി സംഘടന നിലകൊള്ളും.  അനുവാദത്തോടെ സംഘടനയുടെ പ്രാർത്ഥനാലയങ്ങളും മറ്റു സൗകര്യങ്ങളും മറ്റു മത വിഭാഗത്തിൽ പെട്ടവരുടെ ആത്മീയകാര്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.പ്രത്യേകിച്ച് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം മാനവരാശിക്കു നൽകിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകാവുന്നതാണ്.  യേശുവിന്റെ ദർശനങ്ങളിൽ എല്ലാ മനുഷ്യരും തുല്യരാണ്. നന്മ ചെയ്യുന്നവർ സ്വർഗ്ഗത്തിലും തിന്മ ചെയ്യുന്നവർ നരകത്തിലും എന്നാണല്ലോ വിശ്വാസം. അതിനാൽ തന്നെ മറ്റൊന്നിനും ഒരിടത്തും പ്രസക്തിയില്ലെന്ന തിരിച്ചറിവുണ്ടാവണം. മനുഷ്യനിർമ്മിത അതിർത്തികൾക്കും വേലിക്കെട്ടുകൾക്കും എന്തു പ്രസക്തി എന്നു ചിന്തിക്കേണ്ട കാലഘട്ടമാണിത്. സംഘടനയിൽ അംഗങ്ങളാകുവാനാഗ്രഹിക്കുന്ന വ്യക്തികളും പ്രാദേശിക കോ-ഓർഡിനേറ്റർമാരും അഫിലിയേറ്റു ചെയ്യുവാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളും താഴെപറയുന്ന വിലാസത്തിൽ  ബന്ധപ്പെടേണ്ടതാണ്.

       അന്വേഷണങ്ങൾക്ക്.
ഫോൺ 9447105070. mail. expriestnuns@gmail. com ,     www.almeeyasabdam.blogspot.com.

1 .ഫാദർ മാണി പറമ്പേട്ട് ( രക്ഷാധികാരി )വിശ്വമൈത്രീ,കോട്ടത്ത റ.പി.ഒ.,അഗളി. അട്ടപ്പാടി പാലക്കാട്.ജില്ല. പിൻ.678581. ഫോ.09447154131.
2. റെജി ഞള്ളാനി , (ചെയർമാൻ) കട്ടപ്പന പി. ഒ. , പാറക്കടവ്. ഇടുക്കി     ജില്ല. കേരള.   പിൻ. 685508. ഫോ. 0 9447105070
3. ഫാദർ കെ. പി. ഷിബു , (സെക്രട്ടറി) കാലാംപറമ്പിൽ വീട്. കരയാം പറമ്പ് കറുകുറ്റി. പി. ഒ. ,അങ്കമാലി 683576.ഫോ.9446128322. എറണാകുളം ജില്ല.
4. ഡോ. എബ്രാഹം ജോർജ്ജ് മലയാറ്റ്. (സംസ്ഥാന പ്രോജക്ട് കോർഡിനേറ്റർ)കട്ടപ്പന. ഇടുക്കി.ഫോൺ 9947569775.
5. ഫാദർ . ഫ്രാൻസീസ്  ഫോ 9061413857.ആലംങ്ങാട് 683511
6. തോമസ് വെട്ടിക്കൽ ,പി. ബി. നംമ്പർ.17. ബൽത്തങ്ങാടി- 574214, കർ ണ്ണാടക. ഫോ 09487289170.
7. ഫാദർ. എബ്രാഹം കൂത്തോട്ടിൽ. ചാവടിയൂർ പി.ഒ. 678581. ഫോ . 09946010343.  .
                             

Monday, September 5, 2016

മൃതശരീരത്തെ പുരോഹിതൻ അപമാനിച്ചു.-ഹൈന്ദവസഹോദരങ്ങൾ മാതൃകയായി.


 ലീലാമ്മ ടീച്ചറിന്റെ മൃതശരീരത്തേയും വിശുദ്ധ മദർ തെരേസയെയും ഫാദർ ആന്റണി അപമാനിച്ചു. അമ്മയുടെ മൃതശരീരം മകന് ദഹിപ്പിക്കേണ്ടിവന്നു.


ചേർത്തല ഉഴുവ സെന്റ അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന കളവംകോടം ചേന്നാട്ട് അഡ്വ എ . ജോർജ്ജിന്റെ  ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്‌ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ലീലാമ്മയുടെ മൃതശരീരം പള്ളിസെമിത്തേരിയിൽ അടക്കുന്നത് ഫാദർ ആന്റണി തടയുകയായിരുന്നു. നിവൃത്തിയില്ലാതെ മകൻ ജി. ഷിജുവിന് അമ്മയുടെ മൃതശരീരം ദഹിപ്പിക്കേണ്ടിവന്നു. എല്ലാവിധ യുമായി ഹൈന്ദവസഹോദരങ്ങൾ ഉണ്ടായിരുന്നു. 
പള്ളി കൈക്കാരനായിരുന്ന ഷിജുവിന്റെ അച്ഛൻ ഒന്നരവർഷമായി ശരീരം പാതി തളർന്ന് കിടപ്പിലാണ്. ഷിജു പള്ളിയിൽ സ്ഥിരമായി ചെല്ലുന്നില്ലായെന്നും അമ്മയെ അടക്കണമെങ്കിൽ ഷിജു മാപ്പെഴുതി കൊടുക്കണമെന്നും ഫാദർ ആന്റണി പറഞ്ഞു . എന്നാൽ തന്റെ അമ്മയും അപ്പനും പള്ളിയിൽ സ്ഥിരമായി പോയിരുന്നവരായതിനാലും താൻ ഇപ്പോഴും ഈ ഇടവകാംഗമായതിനാലും മാപ്പപേക്ഷേ തരേണ്ടതില്ലെന്നും ഷിജു പറഞ്ഞത്രെ. ക്ഷുഭിതനായ ഈ പുരോഹിതൻ അടക്ക് നിഷേധിക്കുകയായിരുന്നു. 
എല്ലാ മനുഷ്യരിലും ദൈവത്തെകണ്ട മദർ തെരേസ ആരുടെയും ജാതിയോ മതമോ ചോദിച്ചിട്ടല്ല അവർക്ക് പരിചരണം നൽകിയത്. മദർ തെരേസ ദേവാലയങ്ങളിൽ സമയം ചിലവഴിച്ചിരുന്നില്ല . മഠത്തിലെ ജീവിതം സേവനത്തിനു പറ്റിയതല്ലെന്ന് കണ്ട് മഠം ഉപേക്ഷിച്ച് തെരുവിലേയ്ക്കിറങ്ങുകയായിരുന്നു. ആ പുണ്യാത്മാവിന്റെ വിശുദ്ധാഭിഷേകം നടന്ന അവസരത്തിൽ തന്നെ പുരോഹിതവേഷം കെട്ടിയ ഒരു മനുഷ്യൻ ഇവിടെ ചെയ്തത് എന്താണെന്ന് തിരിച്ചറിയണം. മദറിന്റെ പ്രവർത്തനം സഭക്കും ലോകത്തിനും അഭിമാനമായപ്പോൾ ഫാദർ ആന്റണി സഭാ സമൂഹത്തെയും മദറിനെയും അപമാനിക്കുകയായിരുന്നു.
ഇവിടെ യേശുവിന്റെ ദർശനം ഉൾക്കൊണ്ടത് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങളാണെന്നകാര്യം അഭിമാനകരമാണ്. നല്ലശമരിയാക്കാരന്റെ കഥയാണിവിടെ കണ്ടത്. ഹൈന്ദവ സംസ്‌കാരത്തിന്റെയും ആദർശത്തിന്റെയും തനിമയാണിവിടെ കണ്ടത്. ഈ പ്രവൃത്തി ലോകത്തിനു തന്നെ മാതൃകയാണ്  . ഇവിടെയാണ് ദൈവികചൈതന്യം കുടികൊള്ളുന്നത് എന്ന് ഉറക്കെപ്പറയുവാൻ അഭിമാനമുണ്ട് .
എന്തുകൊണ്ടും ഈ പുരോഹിതൻ നിയമനടപടിക്കു വധേയനാവേണ്ടവൻ തന്നെയെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷനൽകുവാൻ നിയമിക്കപ്പെട്ടിട്ടുള്ള ഒരു ജോലിക്കാരൻ മാത്രമാണ് പുരോഹിതൻ. വിശ്വാസികളാണ് ഇദ്ദേഹത്തിന് ശമ്പളം നൽകുന്നത്. ഇവിടെ മനുഷ്യാവകാശലംഘനമാണ് നടന്നിരിക്കുന്നത്. ഷിജുവിനുംകുടുംബത്തിനുമുണ്ടായിട്ടുള്ള നഷ്ടത്തിനും മാനഹാനിക്കും ഈ പുരോഹിതൻ ഉത്തരവാദിയാണ്. ഷിജുവിന്റെ ആത്മീയരംഗത്തുള്ള അവകാശം നിക്ഷേധിക്കുകയാണുണ്ടായിട്ടുള്ളത്.ഫാദർ ആന്റണി ഇനി പുരോഹിതനായി തുടരുവാൻയോഗ്യതയില്ലാത്ത വ്യക്തിയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട മറ്റു സംഘടനകളുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനും ഷിജുവിന് പരിപൂർണ്ണ പിൻതുണനൽകുന്നതിനും കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ തീരുമാനിച്ചു. 
ഏതെങ്കിലും ഒരു വിശ്വാസിക്ക് ഇത്തരം സാഹചര്യമുണ്ടായാൽ അവർക്കാവശ്യമായ ആത്മിയ ശുശ്രൂഷനൽകുന്നതിന് സംഘടന തയ്യാറാണെന്നകാര്യം വിശ്വാസ സമൂഹത്തെ അറിയിക്കുകയും ചെയ്യുന്നു. 
ഫോൺ . 9447105070. 9746474671.


                                                                                റെജി ഞള്ളാനി
                                                                                                   ചെയർമാൻ
കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .

മൃതശരീരത്തെ പുരോഹിതൻ അപമാനിച്ചു.-ഹൈന്ദവസഹോദരങ്ങൾ മാതൃകയായി.