ക്രീസ്തീയ മൃതസംസ്‌കാര ചടങ്ങുകൾക്കുള്ള നേതൃത്വം കുടുംബത്തിലേയും നാട്ടിലേയും മുതിർന്നവർക്ക് നൽകുവാൻ സഭാ നേതൃത്വം അനുവാദം നൽകുന്നത് ഉചിതമായിരിക്കും.
നമ്മൾ ഭാരതിയരാണ്. ആർഷഭാരതസംസ്‌കാരം ലോകംമുഴുവൻ ശ്രദ്ധിക്കപ്പെട്ടിട്ടുളളതും ആകർഷിക്കപ്പെട്ടിട്ടുള്ളതുമാണ്. നമ്മുടെ ഈ സംസ്‌കാരത്തിൽ ജനസംഖ്യ കുറവുണ്ടായിരുന്ന കാലത്ത് കൂട്ടുകടുംബ വ്യവസ്ഥിതിയും പന്നിട് കുടുംബ സംവിധാനവും നിലനിന്നു. ഈ സംസ്‌കാരത്തിന്റെ കെട്ടുറപ്പുമൂലം മാതാപിതാക്കളും മക്കളും സഹോദരങ്ങളും ബന്ധുക്കളും തമ്മിൽ ഗാഡമായ ബന്ധം നിലനിന്നു പോന്നു. മുതിർന്നവരെയും ഗുരുക്കൻമാരെയും വളരെയധികം ബഹുമാനത്തോടെയും ആദരവോടെയും അനുസരണത്തോടെയും കണ്ടിരുന്നു. പ്രായമായോ അല്ലാതെയോ ഒരു വ്യക്തി മരിക്കുമ്പോൾ വീട്ടുവളപ്പിൽ ആദരപൂർവ്വം സംസ്‌കരിച്ചിരുന്നു .അവരുടെ ഓർമ്മയും കുടുംബത്തോടുള്ള ബന്ധവും വർഷങ്ങളോളം നിലനിർത്തുന്നതിന് അവിടെ തെങ്ങോ ഫലവൃക്ഷങ്ങളോ നട്ടിരുന്നു .തലമുറകൾ ഇതിനെ ആദരിച്ചിരുന്നു. പിന്നീട് മൃതശരീരം ദഹിപ്പിക്കുവാൻ തുടങ്ങിയപ്പോൾ അതിലെ ഭസ്മം എടുത്ത് പുണ്യ സ്ഥലങ്ങളിലും വീടിന്റെ മുറ്റത്ത് അസ്ഥിത്തറയിലോ തുളസിത്തറയിലോ സൂക്ഷിച്ചിരുന്നു. ഒരു ജന്മം മുഴുവൻ തന്റെ കുടുംബത്തിനു വേണ്ടി ജീവിച്ച് മരിച്ച ബഹുമാന്യ വ്യക്തിക്ക് അർഹമായ ബഹുമാനവും ആദരവും തുടർന്നും ഇതുവഴി ലഭിച്ചിരുന്നു. അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും സാനിധ്യവും തുടർന്നും നിലനിന്നിരുന്നത് ആശ്വാസകരമായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടോടെ വിദേശ പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിലയുറപ്പിക്കുകയും ക്രസ്തുമതം പ്രചരിപ്പിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി കാലക്രമത്തിൽ നമ്മുടെ ഭാരതീയ സംസ്‌കാരത്തിൽ നിന്നും വ്യതിചലിച്ച് പാശ്ചാത്യ സംസ്‌കാരപ്രകാരം മൃതശരീരങ്ങൾ പള്ളിയോട് ചേർന്ന് സംസ്‌കരിക്കുവാൻ തുടങ്ങി. നമുക്കറിയാം അവരുടെ നാട്ടിൽ കുടുംബ ബന്ധങ്ങൾക്കും ശാരീരിക ബന്ധങ്ങൾക്കും യാതൊരുവിധ കെട്ടുറപ്പുകളും ഇല്ലെന്ന കാര്യം.
ചരിത്രപരമായി നോക്കിയാൽ മൃതശരിരങ്ങൽ സ്ഥിരമായി അടക്കുന്നസ്ഥലങ്ങൾക്ക് ചുടലക്കാടെന്നാണല്ലോ പേര് . അതിന്റെ സുക്ഷിപ്പുകാർ ചുടല യക്ഷികളും ചുടലഭൂതങ്ങളുമാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇവിടെ പള്ളിയോടു ചേർന്നുള്ള സെമിത്തേരിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചുടലക്കാടിന്റെ സൂക്ഷിപ്പു ചുമതല നമ്മുടെ ബഹുമാനപ്പെട്ട പുരോഹിതരുടെ ചുമലിൽ കെട്ടിവച്ച് വിദേശിയർ രക്ഷപെടുകയായിരുന്നു. വിദേശരാജ്യങ്ങളിൽ മൃതസംസ്‌കാരചുമതല സർക്കാരിനാണ്. പുരോഹിതർ സർക്കാർ ജീവനക്കാരുമാണ്. വിരലിലെണ്ണാവുന്ന ആളുകളാണ് ഈ ചടങ്ങിന് അവിടെ കൂടുന്നത്. എന്നുവച്ചാൽ കുടുംബ ബന്ധങ്ങൾ ഇല്ലന്നുപറയാം.
ഇവിടെയും സ്ഥിതി മറിച്ചാണെന്നു പറയുവാൻ വയ്യ. ഒരു വ്യക്തി മരിച്ചാൽ ശവശരീരത്തെ എടുത്തുകൊണ്ടു പോകുവാൻ പുരോഹിതൻ വരുന്നു കുറെ ആളുകൾ ചേർന്ന് പളളിയിലെത്തിച്ച് ശവം ചുടലക്കാട്ടിലെത്തിച്ച് പുരോഹിതന് വിട്ടുകൊടുത്ത് ഒരുമണിക്കൂറിനുള്ളിൽ ബന്ധുക്കൾ സ്ഥലംവിടുന്നു. പിറ്റേന്നും മുന്നുനാലുദിവസങ്ങളും കുറച്ചുപേർ പ്രാർത്ഥനക്കായി അരമണിക്കൂർ വീതമെത്തി പിരിയുന്നു. ആത്മാവിലും അവസാനനാളുകളിലെ ഉയിർപ്പിലും വിശ്വസിക്കുന്ന ക്രീസ്ത്യാനികൾ പുരോഹിതനെ കൂട്ടി മരിച്ചവിട്ടിലെത്തി വെഞ്ചിരിപ്പുനടത്തി ആത്മാവിനെ പുറത്താക്കുന്നതായി ഭാവിക്കുന്നു. അതോടെ ആ വിടിന്റെ താങ്ങും തണലുമായിരുന്ന ആ നല്ലമനുഷ്യൻ ആ കുടുംബത്തിന്റെ സ്മൃതി മണ്ഡലത്തിൽ നിന്നും മറയുന്നു . ഈ ആചാരം കത്തോലിക്കാ കുടുംബങ്ങളിലെ ഭാരതീയ സംസ്‌കാരത്തെ അറുത്തുമാറ്റി. കുടുംബ ബന്ധങ്ങളും സഹോദര സ്‌നേഹവും പരസ്പര ബന്ധങ്ങളും ഇല്ലാതാക്കിയിരിക്കുന്നു.
ബഹുമാന്യ പുരോഹിതരെ ആത്മിയ ശുശ്രൂക്ഷയ്ക്ക് നമ്മൾ നിയോഗച്ചിരിക്കുന്നവരാണ്. ചുടലക്കാടിന്റെ സൂക്ഷിപ്പുകാരായി അവരെ നിയോഗിക്കുന്നത് ആധുനിക കാലഘട്ടത്തിന് ചേർന്നതല്ല. അവരും നമ്മേപ്പോലെ മനുഷ്യരാണ് .നമ്മുടെ കുടുംബങ്ങളിൽ നിന്നും പോയവരാണവർ കാരുണ്യമർഹിക്കന്നവരാണവർ. വിദേശീയർ ചുടലഭൂതത്തിന്റെ ഭാരം അവരുടെ ചുമലിൽ കെട്ടിവച്ചുവെങ്കിൽ ഇന്നും അവർ അടിമ വേല ചെയ്യണമെന്നു പറയുന്നത് തെറ്റാണ്. തോട്ടിപ്പണി ചെയ്തിരുന്ന കാലംപോലും ഇന്നുമാറിയില്ലേ. ചുടലക്കാടിന്റെ സംരക്ഷണം പുരോഹിതൻ ഏറ്റെടുക്കണമെന്ന സായിപ്പിന്റെ ഈ പ്രാകൃത അനാചാരം എടുത്തുകളഞ്ഞ് കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി മൃതസംസ്‌കാര രീതികൾ മാറ്റി പുനക്രമീകരിക്കുവാൻ സഭാ നേതൃത്വവും വിശ്വാസികളും തയ്യാറാവണം.ക്രിസ്തുവിന്റെ കാലത്തുപോലും പളളിയോട് ചേർന്ന് ശ്മശാനങ്ങൾ ഇല്ലായിരുന്നു യേശുവിനെപോലും മറ്റൊരാളുടെ സ്ഥലത്താണ് മറവുചെയ്തത് . പള്ളിമുറ്റത്ത് ശവങ്ങൾ മറവുചെയ്യണമെന്ന് ബൈബിൾ പറയുന്നില്ല.
മരിച്ചവർ നമ്മുടെ ഹൃദയങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും വേഗം കുടിയിറങ്ങേണ്ടവരല്ലയെന്ന സത്യം തിരിച്ചറിയണം. അവരെ നമ്മൾ അൽപ്പമെങ്കിലും സ്‌നേഹിച്ചിരുന്നുവെങ്കിൽ സാധ്യതയുള്ളവർ ഹൃദയസ്പർശിയായ നമ്മുടെ പഴയ രീതി തിരിച്ചു കൊണ്ടുവരുന്നതാണ് ഉത്തമം .ഭൗതിക സാഹചര്യമില്ലാത്ത മറ്റുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റു ലഭ്യമായ സൗകര്യങ്ങളോ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുകയും പ്രാത്ഥനാമുറിയിലോ നമ്മുടെ കണ്ണെത്തുന്ന സ്ഥലത്തോ ഓർമ്മവസ്തുകുരിശിനോടു ചേർത്ത് സൂക്ഷിക്കുകയും ചെയ്യാം. ഇതിന് കുടുംബത്തിലേയോ നാട്ടിലേയോ മുതിർന്നവർ സാക്ഷ്യം വഹിക്കണം. ഒരുവ്യക്തി ക്രിസ്ത്യാനിയോ മറ്റുജാതിയിൽ പെട്ടവനോ നിരീശ്വരവാദിയോ ആയിക്കൊള്ളട്ടെ അവന്റെ പ്രവൃത്തിയുടെ ഫലം മാത്രമാണ് അവന്റെ മോക്ഷപ്രാപ്തിയെന്ന് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞത് അടുത്തകാലത്താണല്ലോ.തെറ്റാവരമുള്ള മാർപ്പാപ്പയിലൂടെ ലോകം കേൾക്കുന്നത് ദൈവത്തിന്റെ സ്വരമാണെന്ന വിശ്വാസമാണ് ക്രീസ്തിയ വിശ്വാസം. സ്വർഗ്ഗത്തിൽ ചെന്നുചേരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് ദൈവമാണ്.മനുഷ്യർക്ക് യാതോരു പങ്കുമില്ല.
ചുടലക്കാട്ടിൽ ശവം അടക്കിയാൽ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അടുത്തടുത്തുള്ള ശവങ്ങൾ അഴുകിചേരുവാൻ ആവശ്യമായ ബാക്ടിരിയ പ്രവർത്തനങ്ങൾ പലപ്പോഴും നടക്കാറില്ല. കോഴുപ്പുകളും മറ്റ് അവശിഷ്ടങ്ങളും മണ്ണിനടിയിലൂടെ അടുത്തുള്ള കിണറുകളിലും മറ്റ് ജല സ്രോതസ്സുകളിലും ചെന്നെത്തുന്നത് അതീവഗുരുതരമാണ്. സർക്കാർ നിയമമനുസരിച്ച് ഇനി ചെറു നിലകളുള്ള സെല്ലുകളാണുണ്ടാവുക. ക്രമേണ അതിലൂടെ എല്ലാവരെയും ഒരു വലിയ കുഴിയിലേയ്ക്ക് തള്ളിയിടേണ്ടിവരുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ആത്മിയവും ഭൗതീകവുമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാവുന്നു.ഇനിയും നമ്മുടെ ബഹുമാന്യ പുരോഹിതരെ ചുടലഭൂതത്തിന്റെ നിലയിലേയ്ക്ക് തള്ളിവിടാതെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് എല്ലാവരും കൂട്ടായി മുന്നോട്ടുവരണം . ആദ്യ പടിയെന്ന നിലയിൽ സാമൂഹിക പരിഷ്‌കർത്താക്കൾ മുന്നോട്ടുവന്ന് മാതൃകയാവുന്നത് ഉചിതമായിരിക്കും. ആർഷഭാരത സംസ്‌കാരത്തിൽ നമുക്ക് ഒന്നാവാം.
നമ്മുടെയെല്ലാം മേൽ ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്
സ്‌നേഹപുർവ്വം
റെജി ഞള്ളാനി ,
ദേശീയ ചെയർമാൻ ,
കെ,സി. ആർ. എം , -പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ
No comments:
Post a Comment