Tuesday, January 30, 2018

ചാക്കോ കളരിക്കൽ

ഈ അടുത്ത കാലത്ത്, മരണാനന്തര ശുശ്രൂഷ സംബന്ധിച്ചുള്ള രണ്ടു സംഭവങ്ങൾ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റുകയുണ്ടായി. ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ ഭൗതിക ശരീരം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ദഹിപ്പിക്കുകയുണ്ടായി. ഏതാനും വർഷങ്ങൾക്കു മുമ്പ് മരിച്ച അദ്ദേഹത്തിൻറെ ഭാര്യയെയും സ്വന്തം സ്ഥലത്തുവെച്ച് ദഹിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ശ്രീ സാമുവേൽ കൂടൽ അദ്ദേഹത്തിൻറെ സ്വന്തം ഭവനത്തിൽവെച്ച് മൂത്തമകനെകൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യയെയും അവരുടെ വീട്ടുവളപ്പിൽവെച്ച് ശവദാഹം നടത്തിക്കൊള്ളാമെന്ന് ക്ഷണിക്കപ്പെട്ട അനേകരുടെ മുൻപിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് യു ട്യൂബിൽ കാണാനിടയായി, ഈ രണ്ട് ക്രിസ്തീയ മഹൽ വ്യക്തികളും മരണാനന്തരശുശ്രൂഷ എപ്രകാരം ആയിരിക്കണമെന്നുള്ളതിൻറെ വലിയ ഓരു മാതൃക ലോകർക്ക് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവർക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.
2007-ൽ ഇടമറ്റംകാരനും CGH-Earth Group (Casino Hotel Group)-ൻറെ ഉടമയുമായിരുന്ന ശ്രീ. ഡൊമിനിക് ജോസഫ് (തൊമ്മിക്കുഞ്ഞ്) കുരുവിനാക്കുന്നേൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ  മേജർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽനിന്നും അദ്ദേഹത്തിൻറെ ഭൗതികശരീരം ദഹിപ്പിക്കാനുള്ള അനുവാദം വാങ്ങിയെന്നും അദ്ദേഹം മരിച്ചപ്പോൾ ശവദാഹം നടത്തിയെന്നും അന്ന് എവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. കത്തോലിക്കാ സഭയിലെ പരമാധികാരം അനുവദിച്ചിരിക്കുന്ന ഒരു കാര്യത്തിന് നാം എന്തിന് വീണ്ടും അനുവാദം വാങ്ങിക്കണം? സീറോ-മലബാർ സഭയിലെ എല്ലാകാര്യങ്ങളും അങ്ങനെയൊക്കെതന്നെ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടല്ലേ പെസഹാവ്യാഴാഴ്ച സ്ത്രീകളുടെ പാദങ്ങൾ കഴുകണ്ടെന്ന് സീറോ-മലബാർ സഭാധികാരം തീരുമാനിച്ചത്. പോപ്പിനെ വേദപാഠം പഠിപ്പിക്കുന്ന മെത്രാന്മാർ! വിശ്വാസികളെയും പ്രത്യേകിച്ച് സ്ത്രീകളെയും വെറും അടിമകളായി കാണാനേ, അഹങ്കാരികളായ ഇന്ത്യയിലെ മെത്രാന്മാർക്ക് കഴിയൂ. അവരോട് സഹതാപം തോന്നുന്നു.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മൃതശരീരത്തെ ചിതയിൽവെച്ചോ ക്രെമറ്റോറിയം (Crematorium) ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതിയെ നാം പ്രോത്സാഹിപ്പിക്കണ്ടതാണ്. അത് ഭാരതിയ സംസ്കാരത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു പാരമ്പര്യമാണ്. ഉദാഹരണത്തിന് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിക്കുകാർ, ജൈനമതക്കാർ എല്ലാം ശവദാഹമാണ് അവരുടെ സമുദായങ്ങളിൽ കാലാകാലങ്ങളായിട്ട് നടത്തികൊണ്ടിരിക്കുന്ന സമ്പ്രദായം. ലോകത്തിലെ പല പ്രാചീന സംസ്ക്കാരങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. ഇരുപതിനായിരം വർഷങ്ങൾക്കുമുൻപ് ആസ്ട്രേലിയായിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യൻ, യൂറോപ്യൻ, ഹിന്ദുതട സംസ്കാരങ്ങളിലെല്ലാം മൃതശരീരം ദഹിപ്പിക്കൽ ഉണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടോടുകൂടി ശവം മണ്ണിൽ സംസ്ക്കരിക്കുന്നതിലേയ്ക്ക് പാശ്ചാത്യ രാജ്യങ്ങൾ തിരിഞ്ഞത് ക്രിസ്ത്യൻ സ്വാധീനംകൊണ്ടുമാത്രമാണ്. യൂറോപ്പിലെ പുറജാതിക്കാർ ശവദാഹം നടത്തിയിരുന്നതുപോലെ ക്രിസ്ത്യാനികൾ ശവദാഹം ചെയ്യാൻ പാടില്ലെന്ന് 789-ൽ വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവർത്തി ചാർലിമെയ്ൻ കല്പന പുറപ്പെടുവിച്ചതു കൂടാതെ നിയമവിരുദ്ധമായി പെരുമാറുന്നവർക്ക് വധശിക്ഷയും പ്രഖ്യാപിച്ചു. 

മരണശേഷം പുന:രുദ്ധരിക്കപ്പെട്ട ശരീരം അന്ത്യവിധിക്കായി ദൈവമുൻപാകെ പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് മൃതശരീരം മണ്ണിൽ സംസ്ക്കരിക്കാൻ വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നത്. കൂടാതെ, ശാസ്ത്രീയ അറിവിൻറെ പോരായ്മമൂലമാവാം, ദൈവത്തിനും ക്രിസ്ത്യാനികൾക്കും വിരുദ്ധമായ വൃത്തികെട്ട ഒരു പ്രവർത്തിയായി ശവദാഹത്തെ സഭ കാണാൻ ഇടയായത്. നിത്യരക്ഷയുടെ അതീന്ദ്രിയമായ അഥവ അനുഭവജ്ഞാനാതീതമായ അവസ്ഥയാണ് മോക്ഷം; സൃഷ്ടിയായ ആത്മാവ് സൃഷ്ടാവിൽ (ബ്രഹ്മനിൽ) ലയിക്കുന്നതാണ് ആത്യന്തികമായ സാക്ഷാത്കാരം. ഈ തിരിച്ചറിവിൻറെയും മൃതശരീരം ദാഹിപ്പിക്കുന്നതിലെ ശാസ്ത്രീയ ഗുണത്തിൻറെയും അടിസ്ഥാനത്തിലായിരിക്കണം കത്തോലിക്ക സഭ വൈകിയാണെങ്കിലും ശവം ദഹിപ്പിക്കൽ അനുവദിച്ചത്. കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ശവദാഹത്തെ മുടക്കിയിരുന്നെങ്കിലും 1963-ൽ മാർപാപ്പ ആ മുടക്കിനെ നീക്കം ചെയ്തു. 1966-ൽ കത്തോലിക്കാ പുരോഹിതർക്ക് ശവദാഹ ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കാനും മാർപാപ്പ അനുവാദം നൽകി.

ശാസ്ത്രീയമായും സാമൂഹ്യമായും മതപരമായും മൃതശരീരം അഗ്നിക്കിരയാക്കുന്നതാണ് മണ്ണിൽ സംസ്ക്കരിക്കുന്നതിലും അഭികാമ്യം. മണ്ണിൽ സംസ്ക്കരിച്ചാൽ മൃതശരീരം ജീർണിക്കുമ്പോൾ അതിൽനിന്നും ഒഴുകിവരുന്ന ദ്രാവകം കുടിവെള്ളത്തിൽ കലർന്ന് അശുദ്ധമാകാൻ ഇടയുണ്ട്. ശവസംസ്കാരത്തിന് സ്ഥലം ആവശ്യമുണ്ട്. നഗരങ്ങളിലെല്ലാം സ്ഥലപരിധിയുള്ളതിനാൽ മൃതശരീരം ദഹിപ്പിക്കുന്നതാണ് പ്രായോഗികം. തന്നെയുമല്ല, ജനസംഖ്യ നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ശവസംസ്കാരത്തിൻറെ ഫലമായി രോഗങ്ങൾ ഉണ്ടാകാം. മൃഗങ്ങളും പക്ഷികളും മറ്റും ഭക്ഷിച്ചെന്നിരിക്കാം. ഇതെല്ലാം ഒഴിവാക്കാൻ മൃതശരീരം ദഹിപ്പിക്കൽ സഹായകമാണ്.

കത്തോലിക്കരുടെ ഇടയിൽപോലും, അമേരിക്കയിൽ ഇന്ന് 35-40% വരെ ശവം ദഹിപ്പിക്കലാണ് ചെയ്യുന്നത്. മൃതശരീരം ദഹിപ്പിക്കൽ അമേരിക്കൻ സംസ്കാരത്തിൽ പെട്ടതല്ലെങ്കിലും അതിൻറെ ശാസ്ത്രീയമായ ഗുണങ്ങളാണ് (സുരക്ഷിതവും ആരോഗ്യപരവും ഏറ്റവും ചിലവുകുറഞ്ഞതും) അവരെ അതിന് പ്രേരിപ്പിക്കുന്നത്. യൂറോപ്പിൽ നൂറുവർഷങ്ങൾക്കു മുൻപുമുതൽ മൃതശരീരം ദഹിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ (crematorium) നിർമിച്ചുതുടങ്ങിയിരുന്നു.  

ഭാരതസംസ്ക്കാരം മൃതശരീരത്തെ ദഹിപ്പിക്കലാണെന്നിരുന്നിട്ടും ആഗോള കത്തോലിക്ക സഭ മൃതശരീരം ദഹിപ്പികുന്നതിന് അനുകൂലനിലപാടാണെന്നിരുന്നിട്ടും എന്തുകൊണ്ട് ഭാരതത്തിലെ കത്തോലിക്ക സഭാധികാരം അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിൽ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങൾ തീർച്ചയായും കാണും. സഭാപൗരർക്ക് കടിഞ്ഞാണിടാനും (തെമ്മാടിക്കുഴി) പള്ളിപറമ്പിലെ ശവസംസ്ക്കാരം വഴി ഇടവകാംഗങ്ങളെ സാമ്പത്തീകമായി കുത്തിപ്പിഴിയാനും (കല്ലറവില്പന) അത് ഏറെ പ്രയോജനപ്പെടും. മൃതശരീരം ദഹിപ്പിക്കുന്നതിനും അതല്ലെങ്കിൽ പൊതുശ്മശാനങ്ങളിലോ സ്വന്തം വീട്ടുവളപ്പിലോ സംസ്കരിക്കുന്നതിനും വിശ്വാസികൾ മുൻപോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദഹിപ്പിച്ചാലും സംസ്ക്കരിച്ചാലും മരണാനന്തര കർമ്മങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പള്ളിയിൽ നടത്താവുന്നതാണ്. ശവം ദഹിപ്പിക്കലും സംസ്ക്കരിക്കലും ഓരോ വ്യക്തിയുടെയും ആഗ്രഹത്തിന് വിട്ടുകൊടുക്കേണ്ടതാണ്. സഭാധികാരികൾ വ്യക്തികളുടെ തീരുമാനത്തിൽ കൈകടത്തുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾ ഇനിയും വളരെയധികം വളരാനിരിക്കുന്നു. വിശ്വാസികളുടെ അറിവില്ലായ്മയെയും അന്ധവിശ്വാസത്തെയും മൂഢത്വത്തെയും പുരോഹിതർ ചൂഷണം ചെയ്യുന്നു. അതിന് ഒരു അറുതിവരാൻ വിശ്വാസികളെ നാം ബോധാവൽക്കരിക്കണ്ടിയിരിക്കുന്നു.

ഏറ്റവും കുറഞ്ഞ ചിലവിന് ശവപ്പെട്ടിയോ വിലപിടിച്ച വസ്ത്രങ്ങളോ (Suit) പൊതുപ്രദർശനമോ (funeral visitation or wake) പുരോഹിത സാന്നിധ്യമോ പ്രാർത്ഥനകളോ ഒന്നുമില്ലാതെ കഴിവതും വേഗം (സാധിക്കുമെങ്കിൽ 24 മണിക്കൂറിനുള്ളിൽ) എൻറെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്നാണ് ഞങ്ങളുടെ ഫാമിലി ട്രസ്റ്റിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഞാനിവിടെ പരസ്യപ്പെടുത്തുന്നു.

ഈ പരസ്യപ്പെടുത്തൽ വഴി ശവദാഹത്തിനുള്ള ഉത്തേജനം ആർക്കെങ്കിലും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ശവദാഹം തീരുമാനിച്ചുവെച്ചിരിക്കുന്ന വ്യക്തികൾ ശ്രീ സാമുവേൽ കൂടലിനെപ്പോലെ അവരുടെ തീരുമാനം പരസ്യപ്പെടുത്തി മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യൂന്നു.
ശ്രീ കൂടലിൻറെ യു ട്യൂബ് വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക: 
https://www.facebook.com/boccaro.ckanil/videos/2102882346601810/?hc_ref=ARQ19BVYW5BD625vh_g2mxn8d9Dozqgphyb9SXaKs1PXbRm0wrTrrnuW16yooPw5hds


താഴെ കൊടുത്തിരിക്കുന്ന ലിങ്കിലുള്ള ഓൺലൈൻ പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു, വായിക്കുക. 


No comments:

Post a Comment